നമുക്കെല്ലാം അറിയാവുന്ന അഥവാ നമ്മൾ ധരിച്ചു വച്ചിരിക്കുന്ന ഇൻഫോപാർക്ക് എന്നത് എന്താണ്? മൊത്തത്തിൽ ചില്ലിട്ട കുറെ കൂറ്റൻ ബിൽഡിംഗുകൾ, അകത്തു കയറിയാൽ ഉള്ളു വരെ തണുപ്പിക്കുന്ന Centralised എ.സി., പല തരം MNC കമ്പനികൾ, കുറെ ശീതളപാനീയ വിൽപ്പനശാലകൾ, ഹോട്ടലുകൾ, കേക്ക് ഷോപ്പ്സ്, ബാങ്കുകൾ, കുട്ടികൾക്കുള്ള പ്ലേ സ്കൂളുകൾ തുടങ്ങി മനുഷ്യനെ മയക്കുന്ന എല്ലാം നിറഞ്ഞ ഒരു സ്വപ്ന കൂടാരം എന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്ന ഇൻഫോപാർക്ക്. എന്നാൽ അതിനകത്ത് നിങ്ങളാരും അറിയാത്ത, പുറംലോകം അറിയാത്ത പല സത്യങ്ങളും ഉണ്ട്. മാറി മാറി ഭരിച്ച ഭരണകൂടങ്ങൾ നമുക്കു തന്ന സമ്മാനങ്ങൾ. അതിലേക്ക് ഒന്ന് എത്തിനോക്കുക മാത്രമാണ് ഈ ഒരു എഴുത്തിലൂടെ ചെയ്യുന്നുള്ളൂ. ഇറങ്ങി ചെന്നാൽ ഒട്ടേറെ കാര്യങ്ങൾ ഇനിയും കണ്ടെന്നും വരാം.
VIII. സ്മാർട്ട് സിറ്റി എന്ന പളുങ്കു കൊട്ടാരം അഥവാ വെറുമൊരു ബാഹ്യരേഖാ ചട്ടക്കൂട്
കൊച്ചി ഇൻഫോപാർക്ക്, കൊരട്ടി ഇൻഫോപാർക്ക് എന്നിവയെ കുറിച്ചാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്. തിരുവനന്തപുരത്തെ ടെക്നോപാർക്കിലും സ്ഥിതി ഇതൊക്കെ തന്നെയാണ്.
1. കൊച്ചി ഇൻഫോപാർക്ക് - Phase 1.
===============================
I. ഇൻഫോപാർക്ക് - ഒരു ചെറിയ വിവരണം
-----------------------------------------------------------------
കാക്കനാട് നിന്നും 4 കിലോമീറ്ററിനു അടുത്ത് ദൂരമുണ്ട് ഇൻഫോപാർക്കിലേക്ക്. 2004 ൽ തുടങ്ങി വച്ച ഇൻഫോപാർക്കിന് 100.86 ഏക്കർ സ്ഥലം ആണ് സർക്കാർ വിട്ടു കൊടുത്തത്. അതിൽ 80 ഏക്കർ സ്ഥലം മാത്രമാണ് ഇതുവരെയായി വിനിയോഗിച്ചിട്ടുള്ളൂ എന്ന് ഇൻഫോപാർക്കിന്റെ വെബ് സൈറ്റിൽ തന്നെ വ്യക്തമാക്കിയിരിക്കുന്നു. ഇപ്പോൾ അതിൻറെ നടത്തിപ്പവകാശം "ഇൻഫോപാർക്ക്സ് കേരള " എന്ന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ്.
Tata Consultancy Services, Wipro, Affiliated Computer Services, OPI Global, IBS Software Services and USTechnology എന്നീ മുഖ്യധാരാ IT കമ്പനികൾ അടക്കം 200 ൽ അധികം കമ്പനികൾ ആണ് ഇൻഫോപാർക്കിൽ ഇപ്പോഴുള്ളത്. ഏകദേശ കണക്കു പ്രകാരം ഇൻഫോപാർക്കിനു അകത്ത് 24000 ത്തിൽ അധികം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.
II. ഈ പറയുന്ന ഇൻഫോപാർക്കിലേക്ക് എത്തിപ്പെടാൻ ഉള്ള സൌകര്യങ്ങൾ
--------------------------------------------------------------------------------------------------------------------
വളരെ നാമമാത്രമായ ബസ് സർവീസുകൾ മാത്രമാണ് ഇവിടെക്കുള്ളത്. KSRTC ബസ്സുകൾ വളരെ ചുരുക്കം. ഉള്ളവ തന്നെ തിക്കി തിരക്കിയാണ് വരുന്നത്. കാക്കനാട് നിന്നും ഇൻഫോപാർക്ക് എത്തണമെങ്കിൽ ഒരു തൃശ്ശൂർ പൂരത്തിന്റെ തിരക്ക് കഴിയണം എന്ന് ഇൻഫോപാർക്ക് ജീവനക്കാർ സാക്ഷ്യപെടുത്തുന്നു. പ്രൈവറ്റ് ബസ്സുകളിൽ തിരക്ക് മാത്രം കൊണ്ടാൽ പോരാ. അവന്മാരുടെ ആളെ കൊല്ലുന്ന രീതിയിൽ ഉള്ള സ്പീഡും ചെവി പൊട്ടിക്കുന്ന ഹോൺ അടിയും കൂടെ സഹിക്കണം. ഇനി അഥവാ ഓട്ടോറിക്ഷാ വിളിക്കാം എന്ന് വിചാരിച്ചാലോ, എവിടെയും ഇല്ലാത്ത കാശ് കൊടുത്തെ പറ്റു. ഓട്ടോറിക്ഷാക്കാർ 40-45 രൂപ മിനിമം വാങ്ങിക്കുന്നു എന്നത് അവിടത്തെ യാത്രക്കാരെ കുഴപ്പിക്കുന്നു. മീറ്റർ ഇടാൻ പറഞ്ഞാൽ പിന്നെ തെറി വിളിയായി, അധിക്ഷേപിക്കൽ ആയി. സാമാന്യ മര്യാദ ഉള്ളവർ അതിനും മിനക്കെടാറില്ല. വലിയ വലിയ കമ്പനികൾക്ക് സ്വന്തം കാബ് അല്ലെങ്കിൽ ബസ് സർവീസ് ഒക്കെ കാണും. എന്നാൽ ചെറുകിട കമ്പനികളിൽ ജോലി എടുക്കുന്നവർ ആണ് ഈ ക്രൂരതക്ക് എല്ലാം ഇരകൾ ആവുന്നത്. അതിൽ പലർക്കും കിട്ടുന്ന ശമ്പളം നാമമാത്രം ആയിരിക്കും. ഇങ്ങനെ ഓട്ടോ വിളിച്ചു ദിവസവും പോയാൽ പിന്നെ മാസം തികക്കാൻ കഷ്ടപ്പെടും എന്ന് പേര് വെളിപ്പെടുത്താൻ താൽപ്പര്യമില്ലാത്ത ഒരാൾ പറയുകയുണ്ടായി.
ടൂവീലർ - ഓട്ടോകൾ - കാറുകൾ - ബസ്സുകളുടെ മരണപ്പാച്ചിൽ എന്നിവ കാരണം ഈ ഭാഗത്ത് എന്നും ഗതാഗത കുരുക്കും ഉണ്ടാവാറുണ്ട്. ഇൻഫോപാർക്കിലേക്കുള്ള റോഡ് പോലും ടാർ ചെയ്തത് ഈയിടെയാണ്.
III. ജീവൻ അപകടത്തിൽ ആക്കുന്ന റോഡുകളുടെ അശാസ്ത്രീയ നിർമ്മാണവും തുടരെ തുടരെ ഉണ്ടാകുന്ന അപകടങ്ങളും
--------------------------------------------------------------------------------------------------------------------------
ഇത്രയും അധികം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥലത്തേക്കുള്ള റോഡുകൾ എല്ലാം വളരെ അശാസ്ത്രീയപരമായാണ് നിർമ്മിച്ചിരിക്കുന്നത്. വേണ്ടപോലെ ഹമ്പുകളോ, സീബ്രാ ലൈനുകളോ, സിഗ്നൽ ലൈറ്റുകളോ ഈ റോഡിൽ ഇല്ല. റോഡിൽ ചോര ഒഴുക്കുന്നതും ജീവൻ പൊലിയുന്നതും അവിടങ്ങളിൽ നിത്യസംഭവം ആയി മാറി. ബൈക്ക് ആക്സിഡൻറ് ഇവിടെ നിത്യേന ഒന്നെങ്ങിലും സംഭവിക്കുന്നു എന്നു ഇൻഫോപാർക്ക് ഗേയ്റ്റിൽ നിൽക്കുന്ന പോലീസ്കാർ വരെ സമ്മതിക്കുന്നു. റോഡ് മുറിച്ചു കടക്കുമ്പോൾ ടിപ്പർ ലോറി അടക്കമുള്ള വലിയ വാഹനങ്ങൾ യാത്രക്കാരെ ഇടിച്ചു പോകുന്നതും അവിടെ സംഭവിക്കുന്ന ഒന്നാണ്. ഈ 2016 തുടങ്ങി 4 മാസം ആയപ്പോഴേക്കും അവിടെ നടന്ന അപകടങ്ങൾ എണ്ണിയാൽ തീരില്ല. ജീവൻ നഷ്ടപ്പെടുത്തിയവയാണ് അതിൽ ഏറെയും.
IV. മെയിൻ ഗെയിറ്റിലെ സെക്യൂരിറ്റി വീഴ്ച അഥവാ പോലീസ്കാരുടെ പരിമിതികൾ
----------------------------------------------------------------------------------------------------------------
ഒരു സാധാരണ ടാഗ്ഗ് ഉണ്ടെങ്കിൽ ആർക്കും കയറി പോകാവുന്ന ഒന്നാണ് ഇൻഫോപാർക്കിലെ മെയിൻ ഗെയിറ്റ് എന്ന് പറഞ്ഞാൽ ആരും അതിശയിക്കണ്ട. സത്യമാണ്. പണ്ട് നോക്കിയ മൊബൈൽ തൂക്കി കഴുത്തിൽ ഇടാൻ വേണ്ടി നോക്കിയ എന്ന് എഴുതിയ ടാഗ്ഗ് അഥവാ സാധാരണ നീല കളർ ടാഗ്ഗ് ഉണ്ടാവാറുണ്ട്. ആ ടാഗ്ഗ് കഴുത്തിൽ ഇട്ട്, അതിന്റെ അറ്റം പോക്കറ്റിൽ ഇട്ടിട്ടു ഇൻഫോപാർക്കിലേക്ക് കേറിപോയാൽ ആരും ഒന്നും ചോദിക്കില്ല. ഓട്ടോയിൽ പോകുന്നവർക്ക് ആ കഴുത്തിലെ വള്ളി കാണിച്ചു വളരെ അനായാസം അതിനകത്ത് കയറാം. ഇത് വളരെ വലിയ സുരക്ഷാ വീഴ്ചയാണ് ചൂണ്ടികാണിക്കുന്നത്. മെയിൻ ഗെയിറ്റിൽ നിൽക്കുന്ന പോലീസുകാർക്ക് ഇവിടത്തെ 200 ൽ അധികമുള്ള കമ്പനി പേരുകൾ നോക്കി ഇരിക്കുക എന്നതും നടക്കുന്ന ഒന്നല്ല. എണ്ണത്തിൽ വളരെ ചുരുങ്ങിയ സംഖ്യയെ മെയിൻ ഗെയിറ്റിലെ പോലീസുകാർ ഉണ്ടാവാറുള്ളൂ, അതും നിരായുധർ. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള വൻ സുരക്ഷാ വീഴ്ചയാണ് ഇതിലൂടെ വെളിവാകുന്നത്. ചില സമയത്ത് വളരെ കാര്യക്ഷമമായി ഐഡികാർഡ് ഒക്കെ പരിശോധിക്കുന്നത് കാണാം എങ്കിലും എല്ലായ്പ്പോഴും അത് നടപ്പാവാറില്ല. ഉച്ച വെയിലത്ത്, പാവം പോലീസുകാർ, ഗെയിറ്റ് തുറന്നിട്ട് മാറി നിന്ന് നോക്കുകയെ ചെയ്യാറുള്ളൂ, അതേ അവരെക്കൊണ്ട് സാധിക്കൂ. കാരണം അവരും മനുഷ്യരാണ്. ആവശ്യത്തിനു പോലീസോ, ആയുധമോ നൽക്കാത്ത സർക്കാരിനെ ആണ് ഇവിടെ പ്രതിക്കൂട്ടിൽ കയറ്റെണ്ടത്. പൊരിയുന്ന വെയിലത്ത് ഈ പറയുന്ന പോലീസുക്കാർക്ക് വെള്ളം കുടിക്കാൻ ഉള്ള സൌകര്യം പോലും സർക്കാർ ഒരുക്കിയിട്ടില്ല.
V. കുടിവെള്ള പ്രശ്നം
----------------------------------
ഇൻഫോപാർക്കിലെ കമ്പനികളിൽ അവരവർ അവരവരുടെ ജീവനക്കാർക്ക് കുടിവെള്ളത്തിനുള്ള സൌകര്യങ്ങൾ ഒരുക്കാരാണ് പതിവ്. ഇൻഫോപാർക്കിൽ ഇന്റർവ്യൂവിനു വരുന്നവർക്കൊ, പുറത്തു പണി ചെയ്യുന്നവർക്കൊ അവിടെ ഓട്ടം വരുന്ന ടാക്സി , ഓട്ടോ ഡ്രൈവർമാർക്കോ ഒരു തുള്ളി വെള്ളം കുടിക്കുവാൻ ഉള്ള സൌകര്യം ഒരുക്കിയിട്ടില്ല എന്നത് വളരെ പരിതാപകരം ആണ്. സെക്യൂരിറ്റി സ്റ്റാഫുകൾക്ക് അതാത് സെക്യൂരിറ്റി ടീം ആണ് കുടിവെള്ള സൌകര്യം ലഭ്യമാക്കുന്നത്. ഇത്രയും മോശപ്പെട്ട ഒരു കുടിവെള്ള വിതരണ സംവിധാനം സംസ്ഥാനത്തിൻറെ പല ഭാഗങ്ങളിലും കാണുന്നു എന്നത് മാറി മാറി ഭരിച്ച ഭരണകർത്താക്കളുടെ ഭരണവൈകല്യം ആണ് വിളിച്ചോതുന്നത്. സെക്യൂരിറ്റി ജീവനക്കാർക്ക് കുടിവെള്ളം എന്ന പേരിൽ ഇറക്കുന്ന ടാങ്കറുകളിൽ വരുന്ന വെള്ളം വളരെ വൃത്തിഹീനമായതാണെന്നു പലരും സാക്ഷ്യപെടുത്തുന്നു. ഇതേ ടാങ്കർ വെള്ളം ആണ് ഇൻഫോപാർക്കിൽ പല ഹോട്ടലുകളിലും, ജ്യൂസ് ഷോപ്പുകളിലും ഉപയോഗിക്കുന്നതും.
VI. പരിമിതമായ ടോയ്ല്ലറ്റുകൾ , ഉള്ളവ തീരെ വൃത്തിയില്ലാത്തതും
---------------------------------------------------------------------------------------------------
നേരത്തെ സൂചിപ്പിച്ച ചില വലിയ കമ്പനികളിൽ മാത്രമാണ് ജീവനക്കാർക്ക് കമ്പനിക്കകത്ത് ടോയ്ല്ലറ്റ് സൌകര്യങ്ങൾ ഉള്ളത്. ബാക്കിയുള്ള കമ്പനികളിൽ എല്ലാം പൊതുവായുള്ള, എല്ലാവർക്കും ഉപയോഗിക്കാവുന്ന ടോയ്ല്ലറ്റ് ആണ്. അവിടങ്ങളിൽ തീരെ വൃത്തിഉണ്ടാവാറില്ല എന്നുമാത്രമല്ല, അത്യാവശ്യ വെള്ളസൌകര്യം പോലും പലപ്പോഴും നേരാംവണ്ണം ഉണ്ടാവാറില്ല എന്ന് ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന ജീവനക്കാർ കുറ്റപ്പെടുത്തുന്നു. ഇതയും അധികം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥലത്ത് ഇങ്ങനെ ഒരു വിട്ടുവീഴ്ച ചെയ്താൽ അത് വളരെ വലിയ നാണക്കേട് തന്നെയാണ്.
VII. സ്ത്രീകൾക്ക് അഥവാ പെൺകുട്ടികൾക്ക് തീരെ സുരക്ഷ ഇല്ലാത്ത ചുറ്റുപാടുകൾ
----------------------------------------------------------------------------------------------------------------
ഇൻഫോപാർക്കിനകത്ത് നടക്കുന്ന നിർമ്മാണപ്രവർത്തനത്തിനു വന്ന അന്യദേശ തൊഴിലാളികളും, ലോഡുമായി വരുന്ന ലോറി ഡ്രൈവർമാരും, ഓട്ടോ-ടാക്സി ഡ്രൈവർമാരും യഥേഷ്ടം അതിനകത്ത് സഞ്ചരിക്കുന്നുണ്ട്. പ്രത്യേകിച്ച് വൈകീട്ടും, രാത്രി സമയങ്ങളിലും പെൺകുട്ടികൾ ഒറ്റക്ക് ഇൻഫോപാർക്കിനകത്തുകൂടെ നടക്കാൻ തന്നെ ഭയക്കുന്നു. അരണ്ടവെളിച്ചം പോലും ഇല്ലാത്ത പല സ്ഥലങ്ങളും ഇൻഫോപാർക്കിൽ ഉണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പുറത്തിറങ്ങിയാൽ സ്ഥിതി അതിലും മോശം. മെയിൻ ഇൻഫോപാർക്ക് ഗേറ്റ് മുതൽ കാർണിവൽ ഇൻഫോപാർക്ക് വരെയുള്ള (സ്മാർട്ട് സിറ്റിയുടെ മുന്നിലൂടെയുള്ള) മെയിൻ റോഡിൽ സ്ട്രീറ്റ് ലൈറ്റ് എന്ന് പറയുന്ന സാധനം പേരിനു പോലും ഇല്ല. മുഖ്യമന്ത്രി അടക്കം വന്നു കൊട്ടിഘോഷിച്ചു ഉൽഘാടനം നടത്തിയ സ്മാർട്ട് സിറ്റിയുടെ മുന്നിൽ ആണ് ഈ അവസ്ഥ.
VIII. സ്മാർട്ട് സിറ്റി എന്ന പളുങ്കു കൊട്ടാരം അഥവാ വെറുമൊരു ബാഹ്യരേഖാ ചട്ടക്കൂട്
--------------------------------------------------------------------------------------------------------------------------
സ്മാർട്ട് സിറ്റി എന്നത് വല്ല്യ കഥയിൽ നാട മുറിച്ചു ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി പോയി. അതിനകത്ത് ഏതെങ്കിലും കമ്പനിക്ക് പ്രവർത്തിക്കത്തതരത്തിൽ ഒരു ഓഫിസെങ്കിലും പണി കഴിഞ്ഞിട്ടുണ്ടോ എന്ന് മുഖ്യനും മറ്റു മന്ത്രിമാരും ഇതുവരെ തിരക്കിക്കാണില്ല. പക്ഷെ, കേരള ജനതയ്ക്ക് അത് തിരക്കാൻ ഉള്ള അവകാശം ഉണ്ട്. പുറമേക്ക് കാണുന്ന തരത്തിൽ ഒരു ചില്ല്കൊട്ടാരം ഉണ്ടാക്കി എന്നല്ലാതെ, അതിനകത്തെ ഒരു പണിയും കഴിഞ്ഞിട്ടില്ല മാന്യരേ. ഇങ്ങനെ പോയാൽ അടുത്തൊന്നും പണി കഴിയുകയും ഇല്ല.
IX. കൊച്ചി ഇൻഫോപാർക്ക് - Phase 2 - അടുത്തൊന്നും തീരാൻ സാധ്യതയില്ലാത്ത സ്വപ്നപദ്ധതി
--------------------------------------------------------------------------------------------------------------------------
കുന്നത്തുനാട്, പുത്തൻകുരിശ് തുടങ്ങിയ വില്ലേജുകളിലായി ഇൻഫോപാർക്ക് Phase -2 വിപുലീകരിക്കാൻ പദ്ധതിയിട്ടത് വളരെ പണ്ട്. അതിനു മൻ മോഹൻ സിംഗ് അധികാരത്തിൽ ഇരിക്കുമ്പോൾ തന്നെ അംഗീകാരവും ഫണ്ടും നല്കിയതാണ് എന്ന് രേഖകളിൽ നിന്നും വ്യക്തം. 2010-2011 കാലഘട്ടത്തിൽ അതിൽ കമ്പനികൾക്ക് ഓഫീസ് പണി തുടങ്ങത്തക്കരീതിയിൽ പണി കഴിയണം എന്ന് പറയുന്ന പ്രൊജക്റ്റ് ഇപ്പോൾ 5 വർഷങ്ങൾ പിന്നിടുമ്പോഴും ഒന്നും ആവാതെ നില്ക്കുന്നു. 160 ഏക്കർ ഭൂമിയാണ് അതിനു വേണ്ടി മാറ്റി വക്കപ്പെട്ടിരിക്കുന്നത്. 76.41 കോടി രൂപ ആദ്യഗട്ടത്തിൽ നല്കിയതായും ആ റിപ്പോർട്ടിൽ കാണാം. (ഇൻഫോപാർക്ക് വെബ്സൈറ്റ് നോക്കുക). കേന്ദ്രസർക്കാർ 2012-മാർച്ച്-12 ൻറെ രേഖയിൽ കുടിവെള്ളം, മാലിന്യസംസ്കരണം, പവ്വർ, പാർക്കിംഗ് തുടങ്ങിയവ നടപ്പിലാക്കണമെന്ന് എടുത്തു പറയുന്നുണ്ട്. മാലിന്യജലത്തിന്റെ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നതിനെ പറ്റിയും അതിൽ എടുത്തു പറയുന്നു.
X. വാഹനപാർക്കിങ്ങ്,പവ്വർസപ്ലൈ തുടങ്ങിയവ ഒരുക്കുന്നതിൽ ഉള്ള അനാസ്ഥ
----------------------------------------------------------------------------------------------------------------------
ഇൻഫോപാർക്കിന്റെയും, സ്മാർട്ട് സിറ്റിയുടെയും മുന്നിലുള്ള റോഡിന്റെ ഇരു വശങ്ങളിലും "നോ പാർക്കിംഗ്" ബോർഡ് ട്രാഫിക് പോലീസ് വച്ചിട്ടുണ്ട്. പക്ഷെ,നിയമത്തിനെ നോക്കുകുത്തിയാക്കികൊണ്ട് ഇൻഫോപാർക്കിലെ ജീവനക്കാരുടെ വാഹനങ്ങൾ ഇരു വശങ്ങളിലും നിരത്തി പാർക്ക്ചെയ്തിട്ടുണ്ട്. അവരെ കുറ്റം പറയാൻ പറ്റില്ല. ഇത്ര അധികം ജീവനക്കാർ ഉള്ള സ്ഥലത്ത് ആവശ്യത്തിനുള്ള പാർക്കിംഗ് വ്യക്തമായും കൃത്യമായും ഒരുക്കാൻ സർക്കാരിന് ഇന്ന് വരെ സാധിച്ചിട്ടില്ല. സ്ഥലപരിമിതി അല്ല കാരണം. കൃത്യമായ സ്ഥല വിനിയോഗം ചെയ്യാത്തത് ആണ് കാരണം.
അതേപോലെ, സോളാർ എനർജി നേരാംവണ്ണം ഉപയോഗപ്പെടുത്തിയാൽ വളരെ ചുരുങ്ങിയ ചിലവിൽ കമ്പനികൾക്ക് വൈദ്യുതി നൽകാൻ സാധിക്കും. അത് കൂടുതൽ കമ്പനികളെ അങ്ങോട്ടേക്ക് മാടിവിളിക്കും.
ഇൻഫോപാർക്കിനകത്ത് ഹർത്താൽ, സമരങ്ങൾ എന്നിവയുള്ളപ്പോൾ ജോലി തടസ്സപ്പെടുത്താൻ പറ്റില്ല. അപ്പോൾ, അതിനു വേണ്ട കാര്യങ്ങൾ സർക്കാർ എടുത്തേ പറ്റൂ. ഇന്ന് വരെ ഹർത്താലിനു വഴി തടയുകയല്ലാതെ, ഇങ്ങനെ മാറി ചിന്തിക്കാൻ കഴിഞ്ഞത് ബി.ജെ.പി.ക്കാണെന്ന് ഇതിനിടക്ക് ബി.ജെ.പി നടത്തിയ തിരുവനന്തപുരം ഹർത്താലിലൂടെ ജനങ്ങൾക്ക് ബോധ്യപ്പെട്ടതാണ്.
കൊച്ചി ഇൻഫോപാർക്കിലെ കാര്യങ്ങൾ തന്നെ ഇത്രയും ഉണ്ടെങ്കിൽ കൊരട്ടി, ചേർത്തല തുടങ്ങിയ സ്ഥലങ്ങളിലെ കാര്യം എടുത്തു പറയണോ? കൊരട്ടി ഇൻഫോപാർക്കിലെ പല ബിൽഡിങ്ങുകളും പഴക്കം ചെന്ന് അങ്ങേത്തിയതാണ്. പഴയ ബ്രിട്ടീഷ് ഭരണകാലത്തെ ബിൽഡിങ്ങുകൾ ആയതു കൊണ്ട് അവയൊന്നും നിലം പോത്തിയിട്ടില്ല എന്ന് മാത്രം.
ഈ പ്രശ്നങ്ങളിൽ ഏതെങ്കിലും ഒന്നെടുത്ത് സമരം ചെയ്യാൻ പോലും ഞങ്ങൾ ഇൻഫോപാർക്ക് ജീവനക്കാർക്ക് അനുവാദമില്ല. കാരണം, അങ്ങനെ ചെയ്താൽ അവൻ ഇൻഫോപാർക്കിൽ ഒറ്റപ്പെടും. ചിലപ്പോൾ അവൻറെ കമ്പനിയിൽ നിന്നും അവനെ പിരിച്ചു വിട്ടെന്നും വരാം. ആരും ചോദിയ്ക്കാൻ വരില്ല. എങ്കിലും നിങ്ങളെല്ലാം ഈ സത്യങ്ങൾ അറിയണം എന്ന ഒറ്റ ഉദ്ദേശലക്ഷ്യമേ ഈ എഴുത്തിന്റെ പുറകിലുള്ളൂ. മാറി മാറി ഭരിച്ച ഇടതും വലതും കൂടെ സമ്മാനിച്ചവയാണ് ഇതൊക്കെ. ഇതിൽ നിന്നും ഒരു മാറ്റം വന്നേതീരൂ. കട്ടു മുടിക്കുന്ന വലതനെ വേണോ? എന്തിനും ഏതിനും കൊടിയും പിടിച്ചു മുടക്കാൻ വരുന്ന ഇടതനെ വേണോ? സ്റ്റാർട്ട്അപ്പ് സംരംഭങ്ങൾക്കും, മെയ്ക്ക്-ഇൻ-ഇന്ത്യ പദ്ധതിപ്രകാരം പുതിയ പ്രൊജക്റ്റുകൾ തുടങ്ങുവാനും കേന്ദ്രത്തിനോട് ആഭിമുഖ്യമുള്ള ഒരു സർക്കാർ അല്ലേ കേരളം ഭരിക്കേണ്ടത്? വോട്ട് ചെയ്യുന്നതിനുമുന്നേ ഒന്നാലോചിക്കുക.
ജയ് ഹിന്ദ് !! വന്ദേ മാതരം !!
